കോവിഡ് 19- ഹോം ടെസ്റ്റ് നടത്തുമ്പോള്‍ ഉറപ്പാക്കേണ്ട ചില കാര്യങ്ങള്‍
കോവിഡ് രണ്ടാംവ്യാപനത്തില്‍ വൈറസ് ബാധയുണ്ടോ എന്നറിയാനുള്ള ടെസ്റ്റുകള്‍ വേഗത്തിലാക്കാന്‍ ഉപകരിക്കുന്നതാണ് ഹോംടെസ്്റ്റ്. നിലവിലെ സാഹചര്യത്തില്‍ ലാബുകളുടെ സമ്മര്‍ദ്ദം കുറയ്ക്കാനും വ്യക്തികള്‍ക്ക് സ്വയം അണുബാധ പരിശോധിക്കാനുമുള്ള അവസരമാണ് ഇതുവഴി ലഭിക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അംഗീകാരം നല്‍കിയിട്ടുണ്ട് ഈ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന്.
ഹോം ടെസ്റ്റിംഗ് കിറ്റ് ഉപയോഗിച്ച് പോസിറ്റീവാണെങ്കില്‍ ഫലം യഥാര്‍ത്ഥമായി കണക്കാക്കാമെന്നും ആവര്‍ത്തിച്ചുള്ള പരിശോധന ആവശ്യമില്ലെന്നുമാണ് വിഗദ്ധര്‍ പറയുന്നത്. ഈ പരിശോധന സ്വയം ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ എന്ന് ശങ്കിക്കുന്നവരുമുണ്ട്. മൂക്കില്‍ നിന്നുള്ള സാമ്പിള്‍ ശേഖരണം ശരിയായി ചെയ്യുന്നില്ലെങ്കില്‍ അസ്വസ്ഥതകള്‍ ഉണ്ടാകാം. അതേസമയം റിസള്‍ട്ട് പോസിറ്റീവാണെന്ന് കാണുന്നതോടെ സ്വയം ചികിത്സ തുടങ്ങാതിരിക്കുക എന്നതും വലിയ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്.
പരിശോധനയ്ക്ക് മുമ്പ് ചില തയ്യാറെടുപ്പുകള്‍ നടത്തുന്നതും അത്യാവശ്യമാണ്. പരിശോധന നടത്താന്‍ ഒരു വൃത്തിയുള്ള സ്ഥലം കണ്ടെത്തേണ്ടത് പ്രധാനമാണ്.
സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുകയും പരിശോധന നടത്തുന്നതിന് മുമ്പ് അവ വരണ്ടതാണെന്ന് ഉറപ്പാക്കുകയും വേണം. തുടര്‍ന്ന് വേണം കവര്‍ പൊട്ടിച്ച് കിറ്റിലുള്ള ഉപകരണങ്ങള്‍ പുറത്തെടുക്കേണ്ടത്. ടെസ്റ്റിംഗ് കിറ്റില്‍ സൂചിപ്പിച്ചിരിക്കുന്ന അപ്ലിക്കേഷന്‍ ഡൗണ്‍ലോഡുചെയ്ത് വിവരങ്ങള്‍ നല്‍കുകയും വേണം. പോസിിറ്റീവ് കേസുകളൊന്നും നഷ്ടപ്പെടാതിരിക്കാന്‍ ഇത് പ്രധാനമാണെന്ന് ഓര്‍ക്കുക.